ബെംഗളൂരു: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ കരാർ കമ്പനിയുമായുള്ള ഇടപാടിൽ എം. ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്തി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി മൗനം അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു.
‘‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയിൽ ഈ വിഷയത്തിൽ താങ്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കർ) ആശുപത്രിയിൽ ആയതുകൊണ്ടാകാം. ഞാൻ എന്തിനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയിൽ താമസിച്ചു, നിങ്ങൾ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.’’– സ്വപ്ന സുരേഷ് പറഞ്ഞു.
തന്റെ ജീവിതത്തിന് മേൽ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെയാണ് താൻ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നതെന്നും സ്വപ്ന കുറിപ്പിൽ വ്യക്തമാക്കുന്നു. എന്താണ് മൊബിലൈസേഷൻ അഡ്വാൻസ് എന്ന ചോദ്യവും സ്വപ്ന ഉയർത്തുന്നു.
കരാർ കമ്പനിക്കു നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നൽകണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചാണ് സ്വപ്ന ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.