രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യാഴാഴ്ച കേരളത്തിൽ; ആദ്യ സന്ദർശനം ഐ.എൻ.എസ് വിക്രാന്തിൽ

രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യാഴാഴ്ച കേരളത്തിൽ; ആദ്യ സന്ദർശനം ഐ.എൻ.എസ് വിക്രാന്തിൽ

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കേരള സന്ദർശനം വ്യാഴാഴ്ച. ഉച്ചയ്ക്ക് 1.40 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും നാവികസേനയുടെ ഹെലികോപ്റ്ററിൽ ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയില്‍ ഇറങ്ങും.

സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം രാജ്യത്തെ ആദ്യ തദേശ വിമാന വാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ സന്ദർശനം നടത്തും. 

തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. അവിടെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലാണ് രാഷ്ട്രപതിക്ക് താമസം ഒരുക്കിയിരിക്കുന്നത്. 

17 ന് രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. 

മാര്‍ച്ച് 18 ന് രാവിലെ കന്യാകുമാരി സന്ദര്‍ശിക്കുന്ന രാഷ്ട്രപതി തിരികെ എത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പോകും. ശേഷം 21 ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.