തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഒന്‍പത് മിനിറ്റിന് ശേഷം നിയമ സഭ പിരിഞ്ഞു. സഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
വാദികളായ ഏഴ് എംഎല്‍എമാര്‍ പ്രതികളായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.
ചോദ്യോത്തര വേള വരെ തടസപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. സഭയില്‍ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. പ്ലേക്കാര്‍ഡ്മായി പ്രതിപക്ഷം നടുതളത്തില്‍ ഇറങ്ങി.
ചോദ്യോത്തരവേള ബാക്കി റദ്ദ് ചെയ്തു. സബ്മിഷന്‍ മേശപ്പുറത്ത് വച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കര്‍ പറഞ്ഞു. ഒന്‍പത് മിനിറ്റ് മാത്രമാണ് സഭ നടന്നത്. തുടര്‍ന്ന് സഭ പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും.