അനുരഞ്ജന നീക്കം ശക്തം: മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവിനെ കണ്ടു; മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയേക്കും

അനുരഞ്ജന നീക്കം ശക്തം: മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവിനെ കണ്ടു; മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയേക്കും

തിരുവനന്തപുരം: സഭാ സ്തംഭനത്തിന് പരിഹാരം കാണാന്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ അനുരഞ്ജനത്തിനൊരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയേക്കും.

പ്രതിപക്ഷ നേതാവിന്റെ മുറിയിലെത്തിയാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ വി.ഡി സതീശനെ കണ്ടത്. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹകരിക്കുന്നതില്‍ വിയോജിപ്പില്ല, എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് മന്ത്രിയെ അറിയിച്ചു.

ചട്ടം 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. അടിയന്തര പ്രമേയ നോട്ടീസ് തന്നെ തള്ളുന്ന സാഹചര്യം ഒഴിവാക്കണം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കെതിരെയും രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്ക് എതിരെയും നടപടി വേണം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് മന്ത്രിയോടും ആവശ്യപ്പെട്ടു.

ഈ വിഷയങ്ങള്‍ അംഗീകരിക്കാമെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കാമെന്ന നിലപാടാണ് പ്രതിപക്ഷം കൈക്കൊണ്ടത്. ഇനി സഭ ചേരുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയുമായി ഒരുമിച്ചിരുന്ന് ചര്‍ച്ചയ്ക്ക് തടസമില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.