സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു; നടപടി സി.പി.എം നേതാവിന്റെ പരാതിയിൽ

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു; നടപടി സി.പി.എം നേതാവിന്റെ പരാതിയിൽ

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സി.ഇ.ഒ വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്.

സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹളയ്ക്കു ശ്രമം എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

മാർച്ച് ഒമ്പതിന് ഫെയ്സ്ബുക്ക് ലൈവിലൂടെ സ്വപ്ന സുരേഷ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു. 

രണ്ടാം പ്രതി വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എം.വി. ഗോവിന്ദൻ ഇവർക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. 

അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ളയെ കർണാടക പൊലീസ് എട്ട് മണിക്കൂറായി ചോദ്യം ചെയ്യുകയാണ്. ക്രിമിനൽ ശിക്ഷാനിയമം 506 പ്രകാരമാണ് വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ സ്വപ്നയെയും വിളിച്ചുവരുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.