തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു.
സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോഡിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്. 11 മണിക്ക് കാര്യോപദേശക സമിതി ചേരും.
സഭാനടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രക്ഷുബ്ധമായിരുന്നു സഭ. പാര്‍ലിമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണനും സതീശനുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍, ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്.
പ്ലക്കാർഡുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷത്തെ മനപൂര്‍വ്വം പ്രകോപിപ്പിച്ചുവെന്നും മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോഡിയുടെ നടപടിയുടെ തുടര്‍ച്ചയാണ് കേരളത്തിലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള തുടര്‍ന്നു.
ചെയറിന് മുന്നില്‍ ബഹളം ഉണ്ടാകരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യത്തിന് ഉത്തരം പറയാന്‍ അനുവദിക്കണം. ജനം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യത്തിനാണ് മറുപടി പറയുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.