തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് അറിഞ്ഞാല്‍ ജനം ബോധം കെട്ടു വീഴുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യ മൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം അത് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ട്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്നയും സരിത്തും കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തു നിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്. ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇറങ്ങാത്തത് നാണക്കേടു കൊണ്ടാണ്. പരാജയഭീതിയാണ് ഇതിന് കാരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ സ്വരം ആര്‍.എസ്.എസിന്റെ സ്വരമാണെന്നും ചെന്നിത്തല പറഞ്ഞു.
എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 311 അനുസരിച്ച് ശിവശങ്കറിനെ പിരിച്ചുവിടുന്നില്ല. സ്വപ്നയും ശിവശങ്കറും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ തിരിച്ചും ഇവരെ സംരക്ഷിക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.