ബ്രഹ്മപുരത്ത് തീ പൂര്‍ണമായും അണച്ചു; പുകയും കെട്ടടങ്ങി

ബ്രഹ്മപുരത്ത് തീ പൂര്‍ണമായും അണച്ചു; പുകയും കെട്ടടങ്ങി

കൊച്ചി: ബ്രഹ്മപുരത്ത് ഞായറാഴ്ച്ച ഉണ്ടായ തീപിടുത്തം പൂര്‍ണമായും അണച്ചെന്ന് ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പറേഷനും അറിയിച്ചു. തീ സന്ധ്യയോടെ തന്നെ അണച്ചിരുന്നു. രാത്രി ഏട്ട് മണിയോടെ പുകയും ശമിപ്പിക്കാനായെന്ന് മേയര്‍ എം.അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ മാസം ആദ്യം ഉണ്ടായ തീപിടുത്തം അണച്ച് 13 ദിവസം മാത്രം പിന്നിടുന്നതിനിടെയാണ് വീണ്ടും തീപിടിത്തം ഉണ്ടായത്.

വൈകുന്നേരം നാല് മണിയോടെയാണ് ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്ന സെക്ടര്‍ ഒന്നില്‍ തീ പടര്‍ന്നത്. പിന്നാലെ ശക്തിയായ പുകയും ചൂടും ഉയര്‍ന്നു. ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനായി.

നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുണ്ട്. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായെന്ന് അഗ്നിരക്ഷാ വിഭാഗം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.