വിവാദ കാര്‍ഷിക നിയമം: കേരളം സുപ്രീം കോടതിയിലേക്ക്; നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി

വിവാദ കാര്‍ഷിക നിയമം: കേരളം  സുപ്രീം കോടതിയിലേക്ക്;  നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍. തൃശൂര്‍ പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമം കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കില്ല. മൂന്ന് നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര നിയമങ്ങള്‍ക്കെതിരെ രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ ഇപ്പോഴുള്ള, കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരേണ്ടതുണ്ടോ, പുതുതായി ഹര്‍ജി ഫയല്‍ ചെയ്യണോ എന്നതിനെക്കുറിച്ച് നിയമോപദേശം അറിയിക്കാനും അഡ്വക്കറ്റ് ജനറലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ കൃഷി വകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന് ഫയല്‍ കൈമാറിയിരുന്നു. കേന്ദ്ര നിയമത്തില്‍ മറ്റു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്നതിനാലാണു തീരുമാനത്തിനായി ഫയല്‍ മുഖ്യമന്ത്രിക്കു നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.