ഇനി യുപിഐയിലൂടെയും വായ്പാ ഇടപാടുകള്‍; പ്രഖ്യാപനവുമായി ആര്‍ബിഐ

ഇനി യുപിഐയിലൂടെയും വായ്പാ ഇടപാടുകള്‍; പ്രഖ്യാപനവുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ക്രെഡിറ്റ് ലൈനുകള്‍ ഉപയോഗിക്കാമെന്ന് ആര്‍ബിഐ. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്ഷനോ തിരഞ്ഞെടുക്കാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയ സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.

യുപിഐ മുഖേന ബാങ്കുകളില്‍ മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകളുടെ പ്രവര്‍ത്തനം നടത്തുന്നതിലൂടെ യുപിഐയുടെ വ്യാപ്തി വിപുലീകരിക്കും. നിലവില്‍ ഡിപ്പോസിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് യുപിഐ ഇടപാടുകള്‍പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇനി ക്രെഡിറ്റ് ലൈനുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു.

ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിക്കുന്ന വായ്പാ തുകയില്‍ നിന്നാണ് ഇടപാട് നടത്താന്‍ സാധിക്കുക. ഇതിലൂടെ ബാങ്കുകള്‍ക്ക് നേരിട്ട് ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സേവനം നല്‍കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്കുകള്‍ക്ക് ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കേണ്ട ആവശ്യം വരുന്നില്ല. ഉപയോക്താക്കള്‍ക്കും വളരെ എളുപ്പം ഉപയോഗിക്കാം.

ഡിജിറ്റല്‍ വായ്പാ മേഖലയില്‍ പുതിയ വഴിത്തിരിവാകും ആര്‍ബിഐയുടെ ഈ പ്രഖ്യാപനം. ഇതിലൂടെ കാര്‍ഡുകളുടെ എണ്ണം കുറച്ച് കൊണ്ടുവരാന്‍ സാധിക്കും. തടസങ്ങളില്ലാതെ ഇടപാട് സാധ്യമാക്കാന്‍ യുപിഐ വഴി കഴിയും.

കൂടാതെ രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ സ്വീകര്യാത കൂടും. നിലവില്‍ 250 ദശലക്ഷത്തിലധികം ഉപയോക്താക്കളും അഞ്ച് കോടി വ്യാപാരികളും പേയ്‌മെന്റുകള്‍ക്കായി യുപിഐ ഉപയോഗിക്കുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ യുപിഐ ഉപയോഗിച്ച് ഏകദേശം 8038.59 ദശലക്ഷം ഇടപാടുകളാണ് നടത്തിയത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇടപാടുകളുടെ എണ്ണം 16 ശതമാനം വര്‍ധിക്കുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.