ജിഎസ്ടി വരുമാനത്തില്‍ 12% വളര്‍ച്ച; ഏപ്രിലില്‍ ഖജനാവിലെത്തിയത് 1.87 ലക്ഷം കോടി: നന്ദി അറിയിച്ച് പ്രധാനമന്ത്രി

ജിഎസ്ടി വരുമാനത്തില്‍ 12% വളര്‍ച്ച; ഏപ്രിലില്‍ ഖജനാവിലെത്തിയത് 1.87 ലക്ഷം കോടി: നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടി വരുമാനത്തില്‍ രാജ്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 12 ശതമാനം വര്‍ധിച്ച് 1.87 ലക്ഷം കോടിയായി ഉയര്‍ന്നു. ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ജിഎസ്ടി വരുമാനം ഒരു മാസത്തില്‍ ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ചാണ് 12 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 20ന് മാത്രം 68,228 കോടി രൂപ ജിഎസ്ടി വഴി ഖജനാവിലേക്ക് എത്തി. ഇതുവരെയുള്ള ജിഎസ്ടി വരുമാന ചരിത്രത്തില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

കേരളത്തിലെ ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 3010 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 2689 കോടി ആയിരുന്നു. സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തിലും 12 ശതമാനം വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ നികുതി നിരക്കിലും ഉയര്‍ന്ന നികുതി വരുമാനം നേടാനായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ജനങ്ങളോട് നന്ദി പ്രകടിപ്പിച്ചു. പുതിയ സമ്പദ് വര്‍ഷം പുതിയ ബജറ്റ് ആരംഭിച്ചപ്പോള്‍ ആദായ നികുതിയിലടക്കം വരുത്തിയ മാറ്റങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

നികുതി വരുമാനത്തിലെ റെക്കോര്‍ഡ് നേട്ടം ഇന്ത്യന്‍ സമ്പദ് രംഗത്തിന് ശുഭകരമായ വാര്‍ത്തയാണ്. ജിഎസ്ടി സംയോജിതമായി നടപ്പാക്കുന്നതിന്റെ വിജയമാണ് ജിഎസ്ടി വരുമാനത്തിലെ റെക്കോര്‍ഡ് നേട്ടമെന്നും മോഡി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.