തിരുവനന്തപുരം: കോവിഡ് ഭീഷണിയില്‍ അടച്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോളജുകള്‍ മാത്രം ജനുവരി ഒന്നു മുതല്‍ തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകളാണ് ആരംഭിക്കുക. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച് പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാകും ക്ലാസ് നടത്തുക. ആവശ്യമെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനും ആലോചിക്കുന്നുണ്ട്.
ഫിഷറീസ്, കാര്‍ഷിക സര്‍വകലാശാലകളും ജനുവരിയില്‍ തുറക്കും. മെഡിക്കല്‍ കോളജുകള്‍, ആയുര്‍വേദ കോളജുകള്‍ തുടങ്ങിയവയും തുറക്കും. മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ മുതലാണ് ആരംഭിക്കുക. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, മന്ത്രിമാരായ കെ കെ ശൈലജ, കെ ടി ജലീല്‍, ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താനും ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്താനും 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ ക്ലാസുകളില്‍ പോകാനും സംശയ നിവാരണം നടത്താനും അനുമതി നല്‍കി.