ബംഗളൂരു: ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോയുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുലികേശി നഗര്‍ നിയമസഭാ മണ്ഡലത്തിലെ ബെന്‍സന്‍ ടൗണില്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കര്‍ണാടക ഊര്‍ജ മന്ത്രി കെ.ജെ ജോര്‍ജ്, മുഖ്യമന്ത്രിയൂടെ പൊളിറ്റിക്കല്‍ സെക്രട്ടറിമാരായ നസീര്‍ അഹമ്മദ്, കെ.ഗോവിന്ദ രാജ്, റിസ്വാന്‍ അര്‍ഷാദ് എംഎല്‍എ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന മതപരിവര്‍ത്തന നിരോധന നിയമത്തിലെ വിവാദ ഭേദഗതികള്‍ അടിയന്തരമായി റദ്ദാക്കിയതിന് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ആര്‍ച്ച് ബിഷപ്പ് നന്ദി അറിയിച്ചു.
ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതികള്‍ക്കെതിരെ ക്രിസ്ത്യന്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നതായി ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് അദേഹം ബൈബിള്‍ സമ്മാനിക്കുകയും ചെയ്തു.