വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തുന്ന വേനല്‍ക്കാല ജ്യോതിശാസ്ത്ര പഠനക്കളരിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ സന്ദേശം നല്‍കി. നൂതനവും സങ്കീര്‍ണവുമായ ഉപകരണങ്ങളിലൂടെ പ്രപഞ്ച സത്യങ്ങളെ കൂടുതല്‍ അടുത്തറിയുമ്പോഴും ഗവേഷണങ്ങളിലും ജീവിതത്തിലും അവയെക്കുറിച്ചുള്ള വിസ്മയബോധം എന്നും കാത്തുസൂക്ഷിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
പുതിയ ബഹിരാകാശ ദൂരദര്‍ശിനിയായ 'ജെയിംസ് വെബ്' പോലെയുള്ള ഉപകരണങ്ങള്‍ ഈ രംഗത്തുള്ള ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും വളരെയധികം പ്രയോജനപ്പെടുമെന്ന് പാപ്പാ പറഞ്ഞു. ഇതുകൂടാതെ, പ്രപഞ്ചത്തില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വികാസങ്ങളും പരിണാമങ്ങളും നമ്മുടെ കണ്‍മുന്‍പില്‍ കൂടുതല്‍ അനാവരണം ചെയ്യാന്‍ ഇപ്രകാരമുള്ള ഉപകരണങ്ങളുടെ ഉപയോഗം മൂലം സാധിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. പ്രപഞ്ചത്തിന്റെ വിശാലതയും അതിബൃഹത്തായ വ്യാപ്തിയും ഇതുവരെ കണ്ടെത്തിയിട്ടുള്ള ക്ഷീരപഥങ്ങളുടെയും നക്ഷത്രരാശികളുടെയും ഗ്രഹങ്ങളുടെയും അതിശയിപ്പിക്കുന്ന സംഖ്യയും നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് വിരചിതമായ സങ്കീര്‍ത്തന ഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ തുടര്‍ന്നു: 'അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു. അവിടുത്തെ ചിന്തയില്‍ വരാന്‍ മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?' (സങ്കീര്‍ത്തനങ്ങള്‍ 8: 3-4) പ്രപഞ്ചത്തിന്റെ അപാരത എല്ലായ്പ്പോഴും മനുഷ്യരാശിയെ അത്ഭുതപ്പെടുത്തിയിരുന്നു എന്ന് സങ്കീര്‍ത്തകന്റെ വാക്കുകളോടു ചേര്‍ന്ന് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രപഠിതാക്കള്‍ എന്ന നിലയില്‍ പ്രപഞ്ചത്തിന്റെ വിശാലത ഉള്‍ക്കൊണ്ട്, നിരന്തരമായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റയെ പ്രയോജനപ്പെടുത്തി, പ്രപഞ്ച രഹസ്യങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ കഴിവുള്ള ഗവേഷണരീതികള്‍ വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ എന്ന് പാപ്പ ആശംസിച്ചു.
പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ പുതിയ ഉപകരണങ്ങള്‍ നമ്മെ കൂടുതലായി സഹായിക്കുമെങ്കിലും അവ തക്കതായ ജ്ഞാനത്തോടെയും വൈദഗ്ധ്യത്തോടെയും ഉപയോഗിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. തത്വചിന്തയില്‍ എന്നപോലെ ശാസ്ത്രത്തിലും പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ മാത്രം കണ്ടെത്താനുള്ള ഒരു പ്രലോഭനം നമുക്ക് നേരിടേണ്ടതായി വരും. എന്നാല്‍ നമ്മുടെ പ്രതീക്ഷകളെ ലംഘിക്കുന്നതും നമ്മില്‍ ആശ്ചര്യം ജനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ കണ്ടെത്തുന്നതുവരെ നമ്മുടെ ഗവേഷണ ഫലങ്ങളില്‍ നാം തൃപ്തരാകരുത്.
പാപ്പാ ഇങ്ങനെ തുടര്‍ന്നു; നിങ്ങളുടെ പ്രധാന ലക്ഷ്യം ജ്യോതിശാസ്ത്രത്തിന്റെ ജാലകങ്ങളിലൂടെ പ്രപഞ്ച രഹസ്യങ്ങളെ വീക്ഷിക്കുക എന്നതാണെങ്കിലും ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന സൗഹൃദങ്ങളിലൂടെ സ്‌നേഹം, സഹാനുഭൂതി എന്നിവയും നിങ്ങള്‍ പരിശീലിക്കണം.
സങ്കീര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, മനുഷ്യജീവന്റെ ഔന്നത്യവും മേന്മയും അവരുടെ ഗവേഷണത്തിലും ജീവിതത്തിലും എപ്പോഴും പ്രതിഫലിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. 'അവിടുന്ന് അവനെ ദൈവദൂതന്മാരേക്കാള്‍ അല്‍പം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു' (സങ്കീര്‍ത്തനങ്ങള്‍ 8:5). സത്യത്തോടുള്ള സ്‌നേഹത്താല്‍ പ്രചോദിതരായി, പ്രപഞ്ചത്തിലെ ഓരോ അംശവും വെളിപ്പെടുത്തിത്തരുന്ന എല്ലാ കാര്യങ്ങളും ഗ്രഹിക്കാനും അതില്‍ ആശ്ചര്യഭരിതരാകാനും അവര്‍ക്ക് സാധിക്കട്ടെ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
റോമിലെ 'കാസില്‍ ഗാന്‍ഡോള്‍ഫോയില്‍' ജൂണ്‍ നാലിനാണ് യുവ ജ്യോതിശാസ്ത്രജ്ഞര്‍ക്കായുള്ള 18-ാമത് വേനല്‍ക്കാല പഠനക്കളരി ആരംഭിച്ചത്. 30-ന് അവസാനിക്കും. കോവിഡ് മഹാമാരി മൂലം അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വര്‍ഷം ഇത് നടത്തപ്പെടുന്നത്. 1986 ല്‍ ആരംഭം കുറിച്ചതുമുതല്‍ എല്ലാ മാര്‍പാപ്പാമാരുടെയും പിന്തുണ ഈ വേനല്‍ക്കാല പഠനക്കളരിക്ക് ലഭിച്ചിരുന്നു.