ജയ് ശ്രീറാം വിളികളുമായി ബിജെപി; ദേശീയ പതാകയുമായി സിപിഎം: പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം

ജയ് ശ്രീറാം വിളികളുമായി ബിജെപി;  ദേശീയ പതാകയുമായി സിപിഎം: പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാലക്കാട് നഗരസഭയില്‍ സംഘര്‍ഷാവസ്ഥ. നഗരസഭയ്ക്ക് മുന്നില്‍ ജയ് ശ്രീറാം വിളികളുമായി ബിജെപി പ്രവര്‍ത്തകരും ദേശീയ പതാകയുമായി സിപിഎം പ്രവര്‍ത്തകരും എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേശീയ പതാകയുമായി സിപിഎം കൗണ്‍സിലര്‍മാര്‍ പ്രകടനം നടത്തി കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തുവരുന്നതിനിടെയാണ് സംഭവം. ഇരുവിഭാഗങ്ങളും മുഖാമുഖം വന്നതിന് പിന്നാലെ പൊലീസെത്തി രംഗം ശാന്തമാക്കി. ദേശീയ പതാകയുമായി നഗരസഭ കെട്ടിടത്തിന് മുകളില്‍ കയറാനുള്ള സിപിഎം പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.

വോട്ടെണ്ണല്‍ ദിനത്തില്‍ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ നഗരസഭാ മന്ദിരത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

നഗരസഭയില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെ് കേസെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.