വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മൂന്നിലൊന്ന് ഭാഗവും കനത്ത ഉഷ്ണ തരംഗത്തിന്റെ പിടിയിൽ. വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന് ഫീനക്സിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാട്ടുതീ, വരൾച്ച ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്കെതിരെയും ജാഗ്രതാനിർദേശമുണ്ട്. അരിസോണയുടെ തലസ്ഥാനമായ ഫീനിക്സിൽ തുടർച്ചയായ 19-ാം ദിവസവും താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തി. കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ ചൂട് 54 ഡിഗ്രി സെൽഷ്യസ്‍ കടന്നു.
ഭവന രഹിതർ, യാചകർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവരെയാണ് കഠിന ഉഷ്ണ തരംഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും ഇത്തരം വിഭാഗക്കാരിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉഷ്ണ തരംഗം അമിതമായതോടെ പ്രായമായവരടക്കം ആശുപത്രികളിൽ അഭയം തേടി. അമിതമായി ചൂടാകുന്ന രോഗികളെ തണുപ്പിക്കാനായി ആശുപത്രികൾ ഐസ് നിറച്ച ബോഡി ബാഗുകൾ ഉപയോഗിക്കാൻ ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. അമേരിക്ക ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാലാവസ്ഥ മാറ്റമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) അറിയിച്ചു.
ചൂടിൽ നിന്ന് രക്ഷ നേടാനായി എയർ കണ്ടീഷണറുകൾ അമിതമായി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി ചാർജും കുതിച്ചുയരുന്നു. കഠിനമായ ചൂടിനാൽ ഉണ്ടാകുന്ന നിർജലീകരത്താൽ ക്ഷീണം, തലകറക്കം, ബോധക്ഷയം, തലവേദന എന്നിവയുണ്ടാകുന്നു. അമിതമായ ചൂട് കാരണം 12 പേർ ഇതിനോടകം മരിച്ചുവെന്നും വാലിവൈസ് ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഡോക്‌ടർമാർ പറഞ്ഞു. കൊവിഡിനു ശേഷം വീണ്ടും ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. രോഗികളെ തണുപ്പിക്കാനായി ഐസ് നിറച്ച ബോഡി ബാഗുകളിൽ കിടത്തുകയാണെന്ന് ആശുപത്രി ഉദ്യോഗസ്ഥൻ പറഞ്ഞു.
രോഗികളെ പെട്ടന്ന് തണുപ്പിക്കാൻ ബോഡി ബാഗുകൾ അനുയോജ്യമാണ്. മറ്റ് മാർഗങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിൽ ഇത് ഫലം ചെയ്യും. വിനോദ സഞ്ചാരത്തിനായെത്തിയവർ പോലും ചൂടു കാരണം ആശുപത്രികളിൽ ചികിത്സ തേടുന്ന അവസ്ഥയിലാണ്. കാനഡ അമേരിക്ക അതിർത്തിയിൽ ഒരു കോടി ഹെക്ടർ കാടാണ് കാട്ടുതീ വിഴുങ്ങിയത്. യൂറോപ്പിൽ ലാ പാമ അടക്കമുള്ള സ്പാനിഷ് ദ്വീപുകളിൽ തീ പടർന്നുപിടിക്കുന്നുണ്ട്. യൂറോപ്പിന് പുറമേ യൂറോപ്യൻ വൻകരയോട് ചേർന്ന് കിടക്കുന്ന ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലും ചൂട് കനക്കുന്നുണ്ട്.