ദോഹ: ജൂണ്‍ മാസത്തില്‍ ഖത്തറിന്‍റെ കയറ്റുമതി, ഇറക്കുമതി രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യ. ജൂണിൽ ഖത്തറിൽ നിന്ന് ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ 3-ാം സ്ഥാനത്താണ് ഇന്ത്യ. ഖത്തറിലേക്കുള്ള ഇറക്കുമതിയിൽ 4-ാം സ്ഥാനത്തും.
317.2 കോടി റിയാൽ ആണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം. 539.2 കോടി റിയാൽ മൂല്യവുമായി ഒന്നാം സ്ഥാനത്ത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. കയറ്റുമതി മൂല്യം 319.6 കോടി റിയാല്‍.
നാലും അഞ്ചും സ്ഥാനങ്ങളിൽ ജപ്പാനും സിംഗപ്പൂരുമാണ്. അതേസമയം ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ 4-ാമതാണ് ഇന്ത്യ. 51.9 കോടി റിയാലാണ് ഇറക്കുമതി മൂല്യം. ഒന്നാം സ്ഥാനത്ത് യുഎസ്എ ആണ്. 183.8 കോടി റിയാലാണ് മൂല്യം. രണ്ടാം സ്ഥാനത്ത് ചൈന (132.7 കോടി റിയാൽ), മൂന്നാം സ്ഥാനത്ത് ജർമനി (53.2 കോടി റിയാൽ), അഞ്ചാമത് ഇറ്റലി (47.8 കോടി റിയാൽ) എന്നിങ്ങനെയാണ് പട്ടിക.
കയറ്റുമതി ഉൽപന്നങ്ങളിൽ പെട്രോളിയം വാതകം, മറ്റ് വാതക ഹൈഡ്രോകാർബണുകൾ, ക്രൂഡ് ഓയിൽ എന്നിവയും ഇറക്കുമതിയിൽ ടർബോജെറ്റ്, ടർബോപ്രൊപ്പെല്ലറുകൾ, വാതക ടർബൈനുകൾ, മോട്ടർ കാറുകൾ, സ്വകാര്യ വാഹനങ്ങൾ, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയാണ് കൂടുതലും.