സൂര്യതാപപ്രതിരോധം; തൊഴിലാളികള്‍ക്കായി ആരോഗ്യബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ച് എല്‍ എസ് ഡി എ

സൂര്യതാപപ്രതിരോധം; തൊഴിലാളികള്‍ക്കായി ആരോഗ്യബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ച് എല്‍ എസ് ഡി എ

ഷാർജ: യുഎഇയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസിനുമുകളില്‍ തുടരുകയാണ്. പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത ചൂടില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ രാജ്യത്ത് ഉച്ച വിശ്രമനിയമം നടപ്പിലാക്കിയിട്ടുണ്ട്. കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായുളള ആരോഗ്യസംരക്ഷണബോധവല്‍ക്കരണ പരിപാടികള്‍ ലേബർ സ്റ്റാന്‍ഡേഡ്സ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (എല്‍ എസ് ഡി എ) നേതൃത്വത്തില്‍ ഷാർജയില്‍ ആരംഭിച്ചു.

ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യവസ്ഥകളെ സംബന്ധിച്ചുളള ബോധവല്‍ക്കരണം ലക്ഷ്യമിട്ട് എല്‍ എസ് ഡി എ ജൂണ്‍ 15 മുതല്‍ ഹീറ്റ് എക്സോസ്ഷന്‍ ക്യാംപെയിനും നടത്തുന്നുണ്ട് .ഇതിന്‍റെ ഭാഗമായാണ് ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചത്. അല്‍ ദൈദ് മേഖലയില്‍ നടന്ന ആദ്യ പരിപാടിയില്‍ എൽ എസ് ഡി എ ചെയർമാൻ സലേം യൂസഫ് അൽ ഖസീറും മുതിർന്ന എൽ എസ് ഡി എ ഉദ്യോഗസ്ഥരും പങ്കെടുത്തു.

നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യമെന്നതാണ് ക്യാംപെയിന്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം. ചൂടേല്‍ക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നത് സംബന്ധിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കുമെന്നും ഇതിനായി ശില്‍പശാലകള്‍ നടത്തുമെന്നും എല്‍ എസ് ഡി എ ചെയർമാൻ സലേം യൂസഫ് അൽ ഖസീർ പറഞ്ഞു. ഷാർജ ദൈദ് എക്സ്പോ സെന്‍ററിലായിരുന്ന പരിപാടി.

കടുത്ത ചൂടേല്‍ക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെകുറിച്ചും അത് തടയുന്നതിനുളള വഴികളെ കുറിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ തൊഴിലിടങ്ങളില്‍ അധികൃതർ സന്ദർശനം നടത്തും. ഉച്ചസമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനുളള മുന്നറിയിപ്പ് തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. ബോധവൽക്കരണത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണ ബുക്കുകളും സമ്മാനങ്ങളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു.

കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് രാജ്യത്ത് വിലക്കുണ്ട്. ആഗോളനിലവാരത്തില്‍ തൊഴില്‍ അന്തരീക്ഷമൊരുക്കാന്‍ ഇത്തരം തീരുമാനങ്ങള്‍ക്ക് സാധിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.

സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള തൊഴിലാളികളുടെ അവബോധം വർദ്ധിപ്പിക്കുക, ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയെല്ലാമാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.