മൂന്നാം തവണയും വായ്പാ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മൂന്നാം തവണയും വായ്പാ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

ന്യൂഡല്‍ഹി: പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായി തന്നെ തുടരും. വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറ് തവണ വര്‍ധിപ്പിച്ച റിപ്പോ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. 250 അടിസ്ഥാന പോയിന്റുകളാണ് ആറ് തവണയായി പലിശ നിരക്ക് കൂട്ടിയത്.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായി മൂന്നാം യോഗത്തിലും റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഏകകണ്ഠമായി തീരുമാനിച്ചു. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക്, ബാങ്ക് റേറ്റ് എന്നിവ 6.75 ശതമാനമായും തുടരും. ആവശ്യമെങ്കില്‍ തുടര്‍ യോഗങ്ങളില്‍ പലിശ നിരക്ക് ക്രമീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ പണപ്പെരുപ്പം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറികളുടെ വിലക്കയറ്റം പണപ്പെരുപ്പത്തെ ബാധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുകയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയും. നമ്മുടെ സമ്പദ്‌വ്യവസ്ഥ വേഗതയില്‍ വളരുന്നുണ്ടെന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും ആഗോള വളര്‍ച്ചയില്‍ ഏകദേശം 15% സംഭാവന ചെയ്യുന്നുണ്ടെന്നും എംപിസി യോഗത്തിന് ശേഷം ശക്തികാന്ത ദാസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.