പത്തനംതിട്ട: ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും. കോന്നി അരുവാപ്പുലം സ്വദേശിനിയായ 21 വയസുകാരി രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ എന്നീ നേട്ടങ്ങളിലൂടെ നേരത്തെ വാർത്തകളിൽ ഇടംനേടിയ ആളാണ് രേഷ്മ മറിയം റോയ്. ഇതിനു പിന്നാലെയാണ് അരുവാപുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മയെ പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.
അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി വിജയം നേടിയാണ് മെമ്പറായത്. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തത്. ഇടതുമുന്നണിയില്‍ നിന്ന് വേറെയും വനിതകള്‍ വിജയിച്ചിരുന്നെങ്കിലും രേഷ്മയെ പഞ്ചായത്ത് സാരഥ്യം ഏല്‍പ്പിക്കുകയായിരുന്നു.