അരുത് കാട്ടാളാ...അത് അമ്മയാണ്...അമ്മ ദൈവമാണ്

അരുത് കാട്ടാളാ...അത് അമ്മയാണ്...അമ്മ ദൈവമാണ്

തിരുവനന്തപുരം: അമ്മയല്ലാതൊരു ദൈവമുണ്ടോ....അതിലും വലിയൊരു കോവിലുണ്ടോ...മനസെന്ന കോവിലിലെ ദേവതയാണമ്മ... അമ്മമാര്‍ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളാണ്. ദൈവത്തിന് എല്ലായിടത്തും ആവാന്‍ സാധിക്കാത്തതിനാല്‍ ദൈവം അമ്മമാരെ സൃഷ്ടിച്ചു എന്നാണ് ചൊല്ല്. അതിലൊരു അമ്മയെയാണ് മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. കണ്ണീരിന്റെ നനവില്ലാതെ ഈ വാര്‍ത്ത എഴുതാനാവില്ല. സാക്ഷര കേരളമേ തല കുനിക്കൂ!

തിരുവനന്തപുരം വര്‍ക്കല അയിരൂരിലെ വീട്ടില്‍ നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അയിരൂര്‍ ഇടവ സ്വദേശി റസാഖ് എന്നയാളാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

റസാഖ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനൊപ്പം അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 'എന്നെ കൊല്ലുന്നേ' എന്ന അമ്മയുടെ നിലവിളിയും കേള്‍ക്കാം. റസാഖിന്റെ സഹോദരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. സഹോദരി പുറത്തുവിട്ട ദൃശ്യങ്ങള്‍ ബന്ധുക്കള്‍ വഴിയാണ് പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും മകനെതിരേ പരാതിയില്ലെന്ന് അമ്മ മൊഴി നല്‍കിയെന്നാണ് വിവരം.

എന്തായാലും റസാഖിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ എന്ത് നിയമനടപടി സ്വീകരിക്കാനാകുമെന്നും പോലീസ് ആലോചിക്കുന്നുണ്ട്. വനിതാ കമ്മീഷനും ഇടപെട്ടേക്കും. റസാഖ് നിലവില്‍ അഞ്ചലിലെ ഒരു വീട്ടില്‍ ഒരു സ്ത്രീയോടൊപ്പം താമസിക്കുന്നതായാണ് വിവരം.

ഇയാളെ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം. റസാഖിനെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ കേസെടുക്കുമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.