ദുബായ്: മധ്യവേനല്‍ അവധി കഴിഞ്ഞ് യുഎഇയില്‍ സ്‌കൂളുകള്‍ തുറന്നു. ഇത്തവണ ജൂണ്‍ 28 നായിരുന്നു ബലിപ്പെരുന്നാള്‍ എന്നുളളത് കൊണ്ടുതന്നെ ജൂണ്‍ 27 മുതല്‍ തന്നെ പല സ്‌കൂളുകളിലും അവധി ആരംഭിച്ചിരുന്നു. ഇതോടെ രണ്ടുമാസക്കാലത്തെ പൂര്‍ണമായ അവധിക്ക് ശേഷമാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്.
യുഎഇയുടെ പാഠ്യപദ്ധതിക്ക് കീഴിലുളള വിദ്യാലയങ്ങളിലും ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയുളള സ്‌കൂളുകളിലും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വര്‍ഷത്തിന്റെ രണ്ടാം സെഷനാണ് ആരംഭിക്കുന്നത്. ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന രണ്ടാം സെഷനിലാണ് പല സ്‌കൂളുകളിലും കലാകായിക മത്സരങ്ങള്‍ നടക്കുന്നത്.
രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ സ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ ഷോപ്പിങ് മാളുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ സാമഗ്രികള്‍ വാങ്ങാന്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. റോഡുകളില്‍ തിരക്കുണ്ടാകുമെന്ന അറിയിപ്പ് വിവിധ എമിറേറ്റുകളിലെ ഗതാഗത വകുപ്പും പൊലീസും നല്‍കിയിട്ടുണ്ട്.
അതേസമയം വേനലവധിക്ക് നാട്ടിലേക്ക് പോയ മലയാളികളില്‍ പലരും ഓണം നാട്ടിലാഘോഷിച്ചാണ് തിരിച്ചു വരാന്‍ ഒരുങ്ങുന്നത്. സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ചുളള വിമാന ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവും യാത്ര നീട്ടാന്‍ കാരണമായി. ഇപ്പോള്‍ 1500 ദിര്‍ഹമാണ് കേരളത്തില്‍ നിന്നും യു.എ.ഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക്.