ദുബായ്: രണ്ട് മാസത്തെ വേനല്‍ അവധിക്കു ശേഷം യു.എ.ഇയിലെ വിദ്യാലയങ്ങള്‍ ഇന്നു തുറന്നു. ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ വലിയ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്. അതിനൊപ്പം ഭരണകൂടവും വലിയ ജാഗ്രതയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളെ വഹിച്ചുള്ള മഞ്ഞ നിറത്തിലുള്ള ബസുകള്‍ നിരത്തുകളില്‍ നിറയുന്നതോടെ ഇന്നത്തെ ദിവസം അപകടരഹിതമാക്കാന്‍ പട്രോളിങ് ശക്തമാക്കി പൊലീസും രംഗത്തുണ്ട്.
എ ഡേ വിത്തൗട്ട് ആക്‌സിഡന്റ് (അപകട രഹിത ദിനം) എന്നാണ് ഇന്നത്തെ ദിവസത്തിന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന പേര്. ഇന്ന് സുരക്ഷിതമായി വാഹനമോടിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സിലെ നാല് ബ്ലാക്ക് പോയന്റുകള്‍ നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരേ ചുമത്തുന്ന ശിക്ഷാ നടപടികളിലൊന്നാണ് ബ്ലാക്ക് പോയന്റുകള്‍.
ഈ ദിവസം സുരക്ഷിതമായി വാഹനം ഓടിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും ഡ്രൈവര്‍മാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സുരക്ഷാ പ്രതിജ്ഞ എടുക്കാം.
ഡ്രൈവര്‍മാര്‍ക്ക് 24 ബ്ലാക്ക് പോയന്റുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ടേക്കാം. മറ്റ് വാഹനങ്ങളുമായി എപ്പോഴും സുരക്ഷിത അകലം പാലിക്കുക, 10 വയസിനു താഴെയുള്ളവരെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്താതിരിക്കുക, കാല്‍നടയാത്രക്കാര്‍ക്ക് വഴി നല്‍കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക, വേഗപരിധി പാലിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, അടിയന്തര, പോലീസ് സുരക്ഷാ വാഹനങ്ങള്‍ക്ക് വഴി നല്‍കുക തുടങ്ങി വാഹനമോടിക്കുന്നവര്‍ എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
വിദ്യാര്‍ഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ് ബോര്‍ഡ് ഇടണമെന്ന് ബസ് ഡ്രൈവര്‍മാരെയും നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിനെ മറികടന്ന് പിഴ ചോദിച്ചു വാങ്ങരുതെന്ന് മറ്റു ഡ്രൈവര്‍മാരോടും പൊലീസ് ഓര്‍മിപ്പിച്ചു. ഇങ്ങനെ നിര്‍ത്തിയിടുന്ന ബസുകളെ മറ്റു വാഹനങ്ങള്‍ മറികടന്നാല്‍ 1,000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റ് ലഭിക്കും. സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴയുണ്ട്.