അബുദാബി: ആറ് മാസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി വെള്ളിയാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. നെയാദിയും സഹപ്രവർത്തകരായ മൂന്ന് പേരുമാണ് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ദിവസം ഐഎസ്എസിലെത്തിയ പുതിയ സംഘത്തെ നെയാദിയും സംഘവും സ്വാഗതം ചെയ്തു. യുഎസ്, ഡെന്മാർക്ക്,ജപ്പാന്,റഷ്യ എന്നിവിടങ്ങളില്‍ നിന്നുളള ബഹിരാശശാസ്ത്രജ്ഞരാണ് നാസയുടെ സ്പേസ് എക്സ് ക്രൂ 7 ദൗത്യത്തില്‍ എത്തിയിട്ടുളളത്. ആറു മാസം സംഘം ബഹിരാകാശത്ത് പരീക്ഷണ, നിരീക്ഷണങ്ങളിൽ ഏർപ്പെടും. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളും സംഘത്തിന്റെ ചുമതലയാണ്.
മാർച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഐഎസ്എസില്‍ എത്തിയത്. ബഹിരാകാശ നടത്തമുള്പ്പടെ നിരവധി പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷമാണ് നെയാദിയുടെ മടക്കം. സുൽത്താൻ അൽ നിയാദിക്കു പുറമെ നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവർ സെപ്റ്റംബർ ഒന്നിനാണ് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് യാത്രതിരിക്കുക.