കടം തീര്‍ത്താല്‍ 30 ദിവസത്തിനകം ആധാരം തിരിച്ച് നല്‍കണം; അല്ലെങ്കില്‍ വായ്പക്കാരന് ദിവസവും 5,000 രൂപ വീതം നല്‍കണം: ആര്‍ബിഐ

 കടം തീര്‍ത്താല്‍ 30 ദിവസത്തിനകം ആധാരം തിരിച്ച് നല്‍കണം; അല്ലെങ്കില്‍ വായ്പക്കാരന് ദിവസവും 5,000 രൂപ വീതം നല്‍കണം: ആര്‍ബിഐ

ന്യൂഡല്‍ഹി: ലോണ്‍ എടുത്ത വ്യക്തി വായ്പാ തുക പൂര്‍ണമായും തിരിച്ചടച്ച് കഴിഞ്ഞാല്‍ ഈടായി നല്‍കിയ ആധാരം പോലുള്ള മുഴുവന്‍ യഥാര്‍ത്ഥ രേഖകളും 30 ദിവസത്തിനകം ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്ന് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി റിസര്‍വ് ബാങ്ക്.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപ വീതം വായ്പക്കാരന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി. ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കണം. 2023 ഡിസംബര്‍ ഒന്ന് മുതല്‍ ഇത്തരം കേസുകള്‍ക്ക് ആര്‍ബിഐയുടെ പുതിയ നടപടിക്രമങ്ങള്‍ ബാധകമായിരിക്കും.

വ്യക്തിഗത വായ്പകള്‍ അടച്ചുതീര്‍ത്ത് കഴിഞ്ഞാലും ഈട് നല്‍കിയ രേഖകള്‍ തിരികെ ലഭിക്കുമ്പോള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് ആര്‍ബിഐ നടപടി.

ഉപയോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഉള്‍പ്പെടെ മുഴുവന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐയുടെ നിര്‍ദേശം ബാധകമാണ്.

ഈട് നല്‍കിയ രേഖകള്‍ നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള ചെലവും വായ്പാ ദാതാക്കള്‍ വഹിക്കണം. അത്തരം സന്ദര്‍ഭങ്ങളില്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ 30 ദിവസത്തെ അധിക സമയം കൂടി എടുക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.