ഡെര്‍ണ: മഹാപ്രളയത്തിന് പിന്നാലെ ലിബിയ ശവപ്പറമ്പായി മാറി. രാജ്യത്ത് വലിയ കുഴികൾ ഉണ്ടാക്കി കൂട്ടമായി മൃതശരീരങ്ങൾ കുഴിച്ചുമൂടുകയാണ് രക്ഷാപ്രവർത്തകർ. കടലിൽ നൂറു കലോമീറ്റർ ദൂരത്തുവരെ മൃതദേഹങ്ങളെത്തിയിട്ടുണ്ട്. അപകടമുണ്ടായി ആഴ്ച ഒന്ന് പിന്നിട്ടിട്ടും തീരത്തേക്ക് ഇപ്പോഴും മൃതദേഹങ്ങൾ അടിഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് സന്നദ്ധ സംഘടനകൾ അറിയിച്ചു.
നഗരമധ്യത്തിലെ തകർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കടലിലും കാറുകള്‍ക്കുള്ളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഇനിയും ആയിരക്കണക്കിന് പേർ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അണക്കെട്ടുകള്‍ തകർന്ന് പ്രദേശത്തെ മലനിരകള്‍ താഴേക്ക് ഇടിഞ്ഞ് എത്തിയതിനാൽ റോഡുകള്‍ ഏറെയും തകർന്ന് മണ്ണിനടിയിലായി. ഇത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഹെലികോപ്റ്ററിന്‍റെ സഹോയത്തോടെ രാത്രിയും പകലും തെരച്ചിൽ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
പ്രളയത്തിൽ തീരദേശ നഗരമായ ഡെർനയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. ജർമ്മനി, റൊമാനിയ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ എത്തിച്ചത്. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കിയെന്ന് ഇയു ക്രൈസിസ് മാനേജ്‌മെന്റ് കമ്മീഷൻ ജാനസ് ലെനാർസിക് പറഞ്ഞു.