ഷാര്‍ജ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികളുമായി ഷാര്‍ജ ഭരണകൂടം. ഷാര്‍ജയില്‍ പുതിയ കുടുംബ സൗഹൃദ വിനോദ കേന്ദ്രം പൊതു ജനങ്ങള്‍ക്കായി തുറന്നു. 'ഷീസ് റെസ്റ്റ് ഏരിയ' എന്ന പേരിലാണ് പുതിയ വിനോദ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാര്‍ജയുടെ ഏറ്റവും പുതിയ ലാന്‍ഡ്മാര്‍ക്ക് പ്രോജക്ടുകളിലൊന്നായ കുടുംബ-സൗഹൃദ വിനോദ കേന്ദ്രമാണ് പൊതു ജനങ്ങള്‍ക്കായി തുറന്നിരിക്കുന്നത്.
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
പര്‍വതങ്ങളാല്‍ നിറഞ്ഞ ഖോര്‍ഫക്കാന് സമീപമാണ് പുതിയ വിനോദ കേന്ദ്രം. 80 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ സ്‌ക്രീനോടുകൂടിയ ഔട്ട്‌ഡോര്‍ തിയറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനറി സാധനങ്ങള്‍ മുതല്‍ ഭക്ഷണശാലകളും കഫ്തീരിയയും അടങ്ങുന്ന 58 ഷോപ്പുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. 600 ചതുരശ്ര മീറ്ററില്‍ കുട്ടികള്‍ക്കായി കളിസ്ഥലവും സജ്ജമാക്കിയിട്ടുണ്ട്. മനോഹരമായ പര്‍വതങ്ങളുടെ സമീപത്തായി നിര്‍മിച്ചിരിക്കുന്ന ഈ കേന്ദ്രം പൂക്കളും പച്ചപ്പും കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.