ലൈബ്രറികളിലെ പുസ്‌തക ശേഖരം വിപുലീകരിക്കും; ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു

ലൈബ്രറികളിലെ പുസ്‌തക ശേഖരം വിപുലീകരിക്കും; ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു

ഷാർജ: എമിറേറ്റിലെ പൊതു, സർക്കാർ ലൈബ്രറികളിലെ പുസ്‌തക ശേഖരം വിപുലീകരിക്കാനായി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു. എല്ലാ വർഷവും മേളയിലെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങുന്നതിന് ശൈഖ് സുൽത്താൻ സാമ്പത്തിക സഹായം നൽകാറുണ്ട്.

ഇത്തവണ 2,033 പ്രസാധകരിൽ നിന്നുമാണ് ലൈബ്രറികൾ പുസ്‍തകങ്ങൾ വാങ്ങുക. പൊതുജനങ്ങൾക്കും സർക്കാർ ലൈബ്രറികൾക്കും വൈവിധ്യമാർന്ന പുസ്‌തക ശേഖരം ഒരുക്കാൻ സഹായിക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും വായന പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്.

പൊതു ലൈബ്രറികൾ സമ്പന്നമാക്കാനും പ്രസിദ്ധീകരണ വ്യവസായത്തെ ശക്തിപ്പെടുത്താനുമുള്ള ഷാർജയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ശൈഖ് സുൽത്താന്റെ നിർദ്ദേശമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ചെയർപേഴ്‌സൺ ശൈഖ ബോദുർ അൽ ഖാസിമി പറഞ്ഞു. ശാസ്ത്രം, വിജ്ഞാനം, സാഹിത്യം എന്നീ വിഭാഗങ്ങളിലെ പുതിയ പുസ്‌തകങ്ങൾ ലൈബ്രറികളിൽ ഉൾപ്പെടുത്തിക്കൊണ്ട് എമിറേറ്റിലെ വായനക്കാരിൽ അറിവ് വളർത്തുകയെന്ന വലിയ ലക്ഷ്യമാണ് നേതൃത്വത്തിനുള്ളത്.

വർഷം തോറും ആയിരക്കണക്കിന് പുസ്‌തകങ്ങളാണ് എമിറേറ്റിലെ വിവിധ ലൈബ്രറികളിലേക്കെത്തുന്നത്. പുസ്‌തക വ്യവസായത്തിന്റെയും പുസ്‌തകപ്രേമികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഷാർജ അന്താരാഷ്ട്ര പുസ്‌തകമേള മാറിക്കഴിഞ്ഞെന്നും അവർ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.