റിയാദ്: പ്രഥമ ശ്രുശ്രൂഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കി സൗദി അറേബ്യ. ഈ അധ്യയന വര്‍ഷം സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ എങ്ങനെ പ്രഥമ ശ്രുശ്രൂഷ നല്‍കാം എന്ന വിഷയത്തില്‍ ക്ലാസുകള്‍ നല്‍കും. റെഡ് ക്രസന്റ് അതോറിറ്റിയുടെ പിന്തുണയോടെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന സൗദിയുടെ 'വിഷന്‍ 2030' ന്റെ ഭാഗമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. രക്തസ്രാവം, ഒടിവുകള്‍, പൊള്ളല്‍, തെര്‍മല്‍ ഷോക്ക്, ബോധക്ഷയം തുടങ്ങിയ പലതരം അപകടങ്ങളെക്കുറിച്ചും ആ സമയത്ത് എങ്ങനെ ഫസ്റ്റ് എയ്ഡ് നല്‍കണമെന്നും ക്ലാസുകളില്‍ പഠിപ്പിക്കും. സിപിആര്‍ ഉള്‍പ്പെടെയുള്ളവ കുട്ടികളെ പരിശീലിപ്പിക്കും. ഇതുവഴി അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടാനും പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്ക് സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഈ പദ്ധതിയിലൂടെ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും രാജ്യത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍. സൗദി റെഡ് ക്രസന്റ് അതോറിറ്റിയും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മേഖലയിലെ ആഗോളതലത്തിലുള്ള വിദഗ്ധരാണ് പാഠ്യപദ്ധതി തയ്യറാക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ശുശ്രൂഷ നല്‍കാനും ജീവന്‍ രക്ഷിക്കാനുമുള്ള കഴിവ് നല്‍കുന്നതിലൂടെ ഒരു വലിയ മാറ്റത്തിന് സൗദി തുടക്കം കുറിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.