ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. മാക്രോണും മോഡിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിലാണ് നിര്‍ണായക ചര്‍ച്ച നടന്നത്. ഇരുവരും ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തി. ഉക്രെയ്‌നിലെ സംഘര്‍ഷം നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഉക്രെയ്‌നില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും ദൃഢ നിശ്ചയമുള്ളവരാണ്. തങ്ങളുടെ സൗഹൃദത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായി സമാധാനപാത കണ്ടെത്താന്‍ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് മാക്രോണും എക്‌സില്‍ കുറിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരുടെയും ഫോണ്‍ സംഭാഷണം. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്താനും റഷ്യയെ പ്രേരിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ലെയ്ന്‍ വ്യക്തമാക്കിയിരുന്നു.