സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നാണ് നിര്‍ദേശം. ഇടിമിന്നല്‍ ദൃശ്യമല്ല അത്കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക. കേരളതീരത്തു ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പും വന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 11 നു രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കുക. മല്‍സ്യബന്ധന സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക. ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.