ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ ദുബായില്‍ വരുന്നു; ഉയരം 450 മീറ്റര്‍

ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ ദുബായില്‍ വരുന്നു; ഉയരം 450 മീറ്റര്‍

അബുദാബി: സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകള്‍ ഒരുക്കുന്നതില്‍ ദുബായ് എന്നും മുന്നിലാണ്. ആഗോളതലത്തില്‍ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ ദുബായില്‍ ഉടന്‍ നിര്‍മാണം തുടങ്ങും. 'ഫ്രാങ്ക് മുള്ളര്‍ എറ്റെര്‍നിറ്റാസ്' എന്ന് പേരില്‍ ദുബായ് മറീനയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 450 മീറ്റര്‍ ഉയരമുണ്ടാവും.

യു.എ.ഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടന്‍ ഗേറ്റും പ്രശസ്ത സ്വിസ് ആഡംബര വാച്ച് നിര്‍മ്മാതാക്കളായ ഫ്രാങ്ക് മുള്ളറും തമ്മില്‍ സഹകരിച്ചാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഫ്രാങ്ക് മുള്ളര്‍ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ് കൂടിയാണിത്.

450 മീറ്റര്‍ ഉയരത്തില്‍ ദുബായ് നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയാണ് ഈ വാസ്തുവിദ്യാ വിസ്മയം വരുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്യുന്ന നഗരം എന്ന റെക്കോഡിന് കൂടിയാണ് ദുബായ് ഇതിലൂടെ അവകാശിയാകുന്നത്.

ലണ്ടന്‍ ഗേറ്റ്, ഫ്രാങ്ക് മുള്ളര്‍ പ്രതിനിധികള്‍ ചേര്‍ന്ന് ഇന്നലെ ദുബായില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 2024 ജനുവരിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. കെട്ടിടത്തിന്റെ നിര്‍മാണം 2026-ല്‍ പൂര്‍ത്തീകരിച്ച് താമസക്കാര്‍ക്ക് കൈമാറാനാവുമെന്നാണ് പ്രതീക്ഷ.

ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ ശ്രേണിയില്‍ പുതിയ തലയെടുപ്പായി 'ഫ്രാങ്ക് മുള്ളര്‍ എറ്റെര്‍നിറ്റാസ്' മാറുമെന്ന് ഫ്രാങ്ക് മുള്ളര്‍ മാനേജിങ് ഡയറക്ടര്‍ എറോള്‍ ബാലിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലണ്ടന്‍ ഗേറ്റുമായുള്ള നൂതന പങ്കാളിത്തത്തോടെ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണെന്നും എറോള്‍ ബാലിയന്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ ലണ്ടന്‍ ഗേറ്റിന്റെ മറ്റൊരു നാഴികക്കല്ലായിരിക്കും പുതിയ ക്ലോക്ക് ടവറെന്ന് കമ്പനി സിഇഒ ഇമാന്‍ താഹ പറഞ്ഞു. ഫ്രാങ്ക് മുള്ളര്‍ എറ്റെര്‍നിറ്റാസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവറായി മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.