കൊച്ചി: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു കെസിബിസിയുടെ ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫും സംഘവും കെസിബിസി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളിയെ കണ്ട് ഖേദം പ്രകടിപ്പിച്ചു.
കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഖേദ പ്രകടനം. എന്നാല്‍ നോബിള്‍ മാത്യുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായതു പോലെ നേതാക്കളുടെ ഖേദ പ്രകടനവും പാര്‍ട്ടിയില്‍ വിവാദമായിരിക്കുകയാണ്.
ഖേദ പ്രകടനം വേണ്ടിയിരുന്നില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. 'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന്‍ ഇനി ഞങ്ങളില്ല' എന്ന നോബിള്‍ മാത്യുവിന്റെ പോസ്റ്റാണ് വിവാദമായത്. ജനുവരി ഒമ്പതിലെ പോസ്റ്റില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്രവച്ചിരുന്നു.