തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചന്ദ്ര നഗര്‍ വൈദ്യുത ശ്മശാനത്തില്‍.
എലപ്പുള്ളി ഗവ: സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം ഒമ്പത് മണിയോടെ സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് ബാധിച്ചെങ്കിലും പിന്നീട് നെഗറ്റീവ് ആയിരുന്നു. കോവിഡ് വന്നതുമൂലം അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് വിജയദാസ് നിയമസഭയില്‍ എത്തിയത്.
1987 ല്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. രണ്ട് തവണ കോങ്ങാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച വിജയദാസ്, മികച്ച സഹകാരിയും കര്‍ഷകനുമാണ്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് വിജയദാസ്.