തൊടുപുഴ: ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസും നല്‍കി. ഭൂസംരക്ഷണ നിയമ പ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി.
ചിന്നക്കനാലില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാത്യു കുഴല്‍നാടന്‍. സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ല. സ്ഥലത്തിന് മതില്‍ കെട്ടിയത് അടിസ്ഥാനരഹിതമാണെന്നും ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടിയതാണെന്നുമാണ് അദേഹം പറയുന്നത്.
ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ടും ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുഴല്‍നാടന്‍ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി മതില്‍ നിര്‍മിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.