തിരുവനന്തപുരം: ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതല്‍ സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ്.
പരിപാടിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ വ്യാപകമായി ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ജില്ലകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സൗജന്യ പരിശോധനയും വിദഗ്ധ ചികിത്സയും ഉറപ്പാക്കും.
വാര്‍ഡ് അടിസ്ഥാനത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍, റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം, ഓഡിയോ സന്ദേശങ്ങള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. രോഗ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയാല്‍ കുഷ്ഠ രോഗം ഭേദമാക്കുവാനും അംഗവൈകല്യം തടയുവാനുമാകും.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിവാരണം ചെയ്യുവാന്‍ ലക്ഷ്യമിട്ടിട്ടുള്ള പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ചെയ്തു വരുന്നതെന്നും സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.