നിരത്തിലെ പ്രാധാന്യം ആര്‍ക്ക്; ഉത്തരം പങ്കുവെച്ച് മോട്ടേര്‍ വാഹന വകുപ്പ്

നിരത്തിലെ പ്രാധാന്യം ആര്‍ക്ക്; ഉത്തരം പങ്കുവെച്ച് മോട്ടേര്‍ വാഹന വകുപ്പ്

കൊച്ചി: അടിയന്തിര ഘട്ടങ്ങളിലെ ചുമതലകള്‍ക്കായി നിര്‍വചിക്കപ്പെട്ടിട്ടുള്ള വാഹനങ്ങള്‍ ക്രമത്തില്‍ നല്‍കികൊണ്ട് ചോദ്യോത്തരം പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. നിരത്തിലെ വാഹനങ്ങളുടെ മുന്‍ഗണന സംബന്ധിച്ച് ചോദ്യം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വകുപ്പ് ഉന്നയിച്ചത്.

സ്വാഭാവികമായും മലയാളികള്‍ വിവിധ തരം മറുപടികളാണ് നല്‍കിയത്. ഇതില്‍ ആക്ഷേപകരമായ കമന്റുകളും വകുപ്പിനെയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ വരെ കളിയാക്കി കൊണ്ടുള്ള കമന്റുകള്‍ ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും ഇതിനൊരു ഉത്തരം വേണമല്ലോ. അങ്ങനെയാണ് ഫെയ്സ്ബുക്കിലൂടെ തന്നെ ഉത്തരങ്ങള്‍ നല്‍കിയതും.

പ്രസ്തുത വാഹനങ്ങളില്‍ തന്നെ മുന്‍ഗണനാക്രമം താഴെപ്പറയുന്ന പ്രകാരമാണ്

1. ഫയര്‍ എന്‍ജിന്‍
2. ആംബുലന്‍സ്
3. പൊലീസ് വാഹനം
4. വൈദ്യുതി, ശുദ്ധജലവിതരണം, പൊതു ഗതാഗതം എന്നിവയുടെ തടസം നീക്കുന്നതിനൊ അറ്റകുറ്റപ്പണികള്‍ക്കോ ആയി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വാഹനങ്ങള്‍.

അടിയന്തിര വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എത്രയും പെട്ടെന്ന് സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി നിര്‍ത്തുകയും മേല്‍വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കുകയും ചെയ്യണം. മാത്രവുമല്ല പ്രസ്തുത വാഹനങ്ങളുടെ പുറകില്‍ 50 മീറ്റര്‍ അകലം പാലിച്ച് മാത്രമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുവാന്‍ അനുവദിച്ചിട്ടുള്ളൂ എന്നും അറിയേണ്ടതുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

മാര്‍ഗ നിര്‍ദേശത്തിന്റെ ചരിത്രം

ഭാരതത്തില്‍ 1989 ല്‍ മുതല്‍ നിലവിലുണ്ടായിരുന്ന റോഡ് ചട്ടങ്ങള്‍ (റൂള്‍സ് ഓഫ് റോഡ് റെഗുലേഷന്‍) പ്രകാരം ഫയര്‍ എന്‍ജിനും ആംബുലന്‍സും അടങ്ങുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ മുന്‍ഗണന ഉണ്ടെന്നും അങ്ങനെയുള്ള വാഹനങ്ങള്‍ കാണുന്ന മാത്രയില്‍ സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി ആ വാഹനങ്ങളെ കടത്തി വിടണം എന്നും നിഷ്‌കര്‍ഷിച്ചിരുന്നു.

എന്നാല്‍ പരിഷ്‌കരിച്ച മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷന്‍ 2017 നിലവില്‍ വന്നപ്പോള്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും ഇത്തരത്തിലുള്ള വാഹനങ്ങളില്‍ തന്നെ മുന്‍ഗണന ക്രമവും റെഗുലേഷന്‍ 27 ല്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.

അതുപ്രകാരം മനുഷ്യജീവന്‍ രക്ഷിക്കുന്നതിനോ ആരോഗ്യത്തിന് ഗുരുതരമായ ഹാനി സംഭവിക്കുന്നത് തടയുന്നതിനോ തീ കെടുത്തുന്നതിനോ അവശ്യ സേവനത്തിന് തടസം വരാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളോ പോലുള്ള അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചില വാഹനങ്ങള്‍ക്ക് മുന്‍ഗണന അനുവദിച്ചിട്ടുണ്ട്.

ഓര്‍ക്കുക വാഹനത്തിനല്ല ഇത്തരം അടിയന്തര ഘട്ടങ്ങള്‍ നിര്‍വഹിക്കുന്നതിനായിട്ടാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ സൈറണും ഫ്ലാഷര്‍ ലൈറ്റും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് മുന്‍ഗണനയ്ക്ക് അര്‍ഹത ഉണ്ടാകുന്നതെന്നും ഓര്‍മിപ്പിക്കുന്നു.

അത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്വത്തോടെയും മുന്‍കരുതലോടെയും ചുവന്ന ലൈറ്റ് മറികടക്കുന്നതിനും വേഗപരിധി ലംഘിക്കുന്നതിനും, റോഡരികിലെ ഷോള്‍ഡറിലൂടെയും വണ്‍വേക്ക് എതിര്‍ ദിശയിലൂടെ വാഹനം ഓടിക്കുന്നതിനും അനുവദിച്ചിട്ടുണ്ട്.

എന്തായാലും രസകരമായ ഈ മത്സരത്തില്‍ 2100 പേരോളം അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.