'അരമനയിലെ വോട്ടെല്ലാം ബി.ജെ.പിക്ക് കിട്ടുമെന്ന് പറയാന്‍ മാത്രം മഠയനല്ല'; താന്‍ വന്നതിന്റെ ഗുണം ബി.ജെ.പിയ്ക്ക് കാണിച്ചുകൊടുക്കുമെന്ന് പി.സി ജോര്‍ജ്

'അരമനയിലെ വോട്ടെല്ലാം ബി.ജെ.പിക്ക് കിട്ടുമെന്ന് പറയാന്‍ മാത്രം മഠയനല്ല'; താന്‍ വന്നതിന്റെ ഗുണം ബി.ജെ.പിയ്ക്ക് കാണിച്ചുകൊടുക്കുമെന്ന് പി.സി ജോര്‍ജ്

കൊച്ചി: പാര്‍ട്ടിയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തെ അടുപ്പിക്കുക എന്ന ദൗത്യമാണ് ബി.ജെ.പി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് പി.സി ജോര്‍ജ്. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് അരമനയിലെ വോട്ടെല്ലാം ബി.ജെ.പിക്ക് കിട്ടുമെന്ന് പറയാനും മാത്രം മഠയനല്ല താനെന്നും അദേഹം പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

താന്‍ വന്നതിന്റെ ഗുണം കേരളത്തിലെ ബി.ജെ.പി നേതാക്കളെ ബോധ്യപ്പെടുത്തും. എസ്.എഫ്.ഐ.ഒ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരും. ചിലര്‍ അകത്താകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. തന്റെ മകന്‍ കാരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്നും പി.സി വ്യക്തമാക്കി. പിണറായിയുടെ ഭാര്യയും മകളും മകനുമെല്ലാം കക്കുകയാണെന്നും അദേഹം ആരോപിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഭീകരരാണ് ഇതിന് കൂട്ടുനില്‍ക്കുന്നതെന്നും മുസ്ലീം കമ്മ്യൂണിറ്റിയെ ഇവര്‍ വിലയ്‌ക്കെടുക്കുകയാണെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി. കേരളത്തിലെ 200 ഓളം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും ഇതെല്ലാം പിണറായിയുടെ അറിവോടെയാണ്. ഇതിനെയെല്ലാം നേരിടണമെങ്കില്‍ ശക്തമായ ഭരണം വരണമെന്നും അദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നത്. രണ്ട് മാസമായി നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് പി.സി ഇന്നലെ പറഞ്ഞിരുന്നു. ജനപക്ഷം എന്ന സ്വന്തം പാര്‍ട്ടി ബി.ജെ.പിയില്‍ ലയിപ്പിച്ച് കൊണ്ടായിരുന്നു അദേഹത്തിന്റെ ബി.ജെ.പി പ്രവേശനം. പി.സി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബി.ജെ.പിയില്‍ എത്തിയിട്ടുണ്ട്.

കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പി.സി ജോര്‍ജിന് അംഗത്വം നല്‍കി സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ് പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിക്കായി മത്സരിക്കാനുള്ള സാധ്യത ശക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.