ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ തീരുമാനം; സ്ഥല പരിശോധന 17 ന് നടക്കും

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ തീരുമാനം; സ്ഥല പരിശോധന 17 ന് നടക്കും

കൊച്ചി: ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന 17 ന് നടക്കുമെന്നും അദേഹം പറഞ്ഞു. കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്താനാണ് തീരുമാനം.

ഹൈക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാഡമി, മീഡിയേഷന്‍ സെന്റര്‍ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങള്‍ ദീര്‍ഘകാല വീക്ഷണത്തോടെ ഒരുക്കാനാണ് ആലോചന.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിയമ മന്ത്രി പി. രാജീവ്, റവന്യൂ മന്ത്രി കെ. രാജന്‍, ഹൈകോടതി ജഡ്ജിമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.