സംസ്ഥാന ബജറ്റ് നാളെ; വലിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല

 സംസ്ഥാന ബജറ്റ് നാളെ; വലിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്നാണ് ആകാംക്ഷ. ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ലെങ്കിലും നിലവിലുള്ളത് കൊടുക്കാന്‍ പണം വകയിരുത്തിയേക്കും.

ബജറ്റില്‍ വലിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതയുണ്ട്. തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. നികുതികളും സെസും അടക്കം വരുമാനം കൂട്ടാന്‍ സര്‍ക്കാരിന് മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണെന്ന് ധനമന്ത്രി സമ്മതിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം നാമമാത്ര വര്‍ധന ക്ഷേമ പെന്‍ഷന്‍ കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. കുറഞ്ഞത് 100 രൂപയുടെ വര്‍ധനവെങ്കിലും പെന്‍ഷന്റെ കാര്യത്തില്‍ വരുത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.

ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളില്‍ തടസമില്ലാത്ത ഇടപെടുകള്‍ക്ക് സംവിധാനമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ മുതല്‍ സപ്ലൈകോയും നെല്ല് സംഭരണവും അടക്കമുള്ള വിഷയങ്ങള്‍ക്കാകും മുന്‍ഗണന. മദ്യത്തിനടക്കം നികുതി നിരക്കുകള്‍ വലിയ രീതിയില്‍ കൂടാനിടയില്ല.

അതേസമയം കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് മോശമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിലെ പിടിപ്പുകേടാണെന്നും ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

കടമെടുപ്പ് പരിധി ഉയര്‍ത്താവില്ല. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018-2019 ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021-22 ല്‍ അത് 39 ശതമാനമായി ഉയര്‍ന്നു.

സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തില്‍ നിന്നും 82 ശതമാനമായെന്നു കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. എ.ജി മുഖേന ധനകാര്യ മന്ത്രാലയം സമര്‍പ്പിച്ച 46 പേജുള്ള കുറിപ്പിലാണ് കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.