തിരുവനന്തപുരം: മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചു നിന്നതോടെ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫിന്റെ ലോക്സഭാ സീറ്റ് വിഭജന ചര്‍ച്ച തീരുമാനമെടുക്കാതെ പിരിഞ്ഞു. പ്രാരംഭ ചര്‍ച്ചകളില്‍ ഉരിത്തിരിഞ്ഞ ധാരണകള്‍ അതത് പാര്‍ട്ടികളുടെ നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം 14 ന് വീണ്ടും യു.ഡി.എഫ് യോഗം ചേരും.
13 ന് വീണ്ടും ലീഗുമായി കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇതില്‍ എത്ര സീറ്റ് നല്‍കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തേക്കും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷമാവും ലീഗ് നേതൃത്വം ഇനിയുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുക.
ഇന്നലെ വൈകിട്ട് തലസ്ഥാനത്തെ മാസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഹൈപവര്‍ കമ്മറ്റി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിനെ ചുമതലപ്പെടുത്തി..
അതിനിടെ 20 ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഈ മാസം 15 നകം രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. കൊല്ലം, ചാലക്കുടി തുടങ്ങിയ ചില മണ്ഡലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഒമ്പതിന് എം.പിമാര്‍ മടങ്ങിയെത്തും. തുടര്‍ന്ന് വേഗത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രചാരണം ആരംഭിക്കും.