കൊച്ചി: ഡോ. വന്ദന ദാസ് കൊലപാതക കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് പിതാവ് മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജിയില്‍ വിധി പറയുക. കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നല്‍കിയ ഹര്‍ജിയിലും ഇന്ന് ഉത്തരവുണ്ടാകും.
അതേസമയം കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് ആശുപത്രിയില്‍ എത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.