' ഏക മകള്‍, ഞങ്ങള്‍ക്ക് വേറെ ആശ്രയമില്ല ': സിബിഐ അന്വേഷണത്തിന് അപ്പീല്‍ നല്‍കുമെന്ന് ഡോ. വന്ദനയുടെ പിതാവ്

' ഏക മകള്‍, ഞങ്ങള്‍ക്ക് വേറെ ആശ്രയമില്ല ': സിബിഐ അന്വേഷണത്തിന് അപ്പീല്‍ നല്‍കുമെന്ന് ഡോ. വന്ദനയുടെ പിതാവ്

കോട്ടയം: ഏക മകളെ നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് വേറെ ആശ്രയമില്ലന്നും സിബിഐ അന്വേഷണത്തിന് അപ്പീല്‍ നല്‍കുമെന്നും കൊല്ലപ്പെട്ട ഡോ. വന്ദനയുടെ പിതാവ്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും പിതാവ് മോഹന്‍ദാസ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സികള്‍ വേണണമെന്നാണ് കുടുബത്തിന്റെ ആവശ്യം. 20 തവണയാണ് സിബിഐ അന്വേഷണത്തിന്റെ കേസ് മാറ്റിവച്ചത്. എന്നാല്‍ ഇതുവരെ തങ്ങള്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

2023 മെയ് 10നായിരുന്നു യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യ പരിശോധനയ്ക്കായി എത്തിയ പ്രതിയായ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നിലേറെ തവണ കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എം.ബി.ബി.എസ് പഠനത്തിന് ശേഷം ഹൗസ് സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു വന്ദന. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.