മാസപ്പടിയില്‍ പിടി മുറുക്കി കേന്ദ്ര അന്വേഷണ സംഘം; തിരുവനന്തപുരത്ത് കെഎസ്‌ഐഡിസിയില്‍ പരിശോധന

 മാസപ്പടിയില്‍ പിടി മുറുക്കി കേന്ദ്ര അന്വേഷണ സംഘം; തിരുവനന്തപുരത്ത് കെഎസ്‌ഐഡിസിയില്‍ പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണ സംഘം കെഎസ്‌ഐഡിസിയില്‍ പരിശോധന നടത്തുന്നു. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്.

എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന തുടരുന്നത്. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ കേരള വ്യവസായ വികസന കോര്‍പറേഷന്‍ ഓഫീസിലേക്ക് ഇവരെത്തിയത്.

കഴിഞ്ഞ ദിവസമാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എഎല്ലിന്റെ ആലുവ കോര്‍പറേറ്റ് ഓഫീസില്‍ എസ്എഫ്‌ഐഒ പരിശോധന നടത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെയും പരിശോധന. അതിനിടെ പരിശോധനയ്ക്ക് എതിരായി കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ചതാണ് എസ്എഫ്‌ഐഒ. റെയ്ഡിനും അറസ്റ്റിനും എസ്എഫ്‌ഐഒയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജന്‍സികളുടെ സഹായം തേടുകയും ചെയ്യാം.

അതിനിടെ മകള്‍ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം.

ആദായനികുതി ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിപിഎം പിന്തുണ നല്‍കിയത്. കരാറില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകള്‍ക്കും പാര്‍ട്ടി ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്.

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങള്‍ക്കെല്ലാം രാഷ്ട്രീയ പ്രേരിത നീക്കമെന്ന മറുപടി മാത്രമാണ് പാര്‍ട്ടിക്കുള്ളത്. കേന്ദ്ര ഏജന്‍സിക്കെതിരെ രാഷ്ട്രീയ പ്രചാരണം ശക്തമാക്കും. വീണയ്‌ക്കോ കെഎസ്‌ഐഡിസിക്കോ നോട്ടീസ് ലഭിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യാനാണ് സിപിഎമ്മിന്റെ നീക്കം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.