കണ്ണൂര്‍ സര്‍വകലാശാല വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; രജിസ്ട്രാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

കണ്ണൂര്‍ സര്‍വകലാശാല വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; രജിസ്ട്രാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീം കോടതി വിധിയിലൂടെ പുറത്തായ ദിവസം ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് റാങ്ക് നല്‍കിയ ഉദ്യോഗാര്‍ഥിയെ വിസി യുടെ ഉത്തരവില്ലാതെ രജിസ്ട്രാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചതായി ആക്ഷേപം.

ജോഗ്രഫി വകുപ്പിലെ ജനറല്‍ മെരിറ്റിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുമ്പോഴാണ് അതേ ഇന്റര്‍വ്യൂവില്‍ സംവരണ തസ്തികയില്‍ റാങ്ക് ചെയ്ത പി. ബാലകൃഷ്ണന് ജോലിയില്‍ പ്രവേശിക്കാന്‍ രജിസ്ട്രാര്‍ അനുമതി നല്‍കിയത്.

ഡോക്ടറേറ്റ് ബിരുദം നേടിയ ആറുപേരെ ഒഴിവാക്കിയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ താല്‍ക്കാലിക അധ്യാപകനായ ബാലകൃഷ്ണന് മുന്‍ വൈസ് ചാന്‍സിലര്‍ റാങ്ക് നല്‍കിയത്. മുന്‍ വിസി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിഷയ വിദഗ്ധരെ ഓണ്‍ലൈനായി പങ്കെടുപ്പിച്ചായിരുന്നു ഇന്റര്‍വ്യൂ നടത്തിയത്.

വിവരാവകാശ നിയമപ്രകാരം നിയമന ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോഴാണ് സര്‍വകലാശാലയുടെ നിയമന ഉത്തരവ് കൂടാതെയാണ് ജോലിയില്‍ പ്രവേശിപ്പിച്ചതെന്ന് അറിഞ്ഞത്.

വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയകണ്ണൂര്‍ രജിസ്ട്രാക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അനധികൃതമായി അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കണ്ണൂര്‍ വിസിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.