കേന്ദ്ര അവഗണനക്കെതിരെ കേരളത്തിന്റെ ഡൽഹി പ്രതിഷേധം ഇന്ന്; മുഖ്യമന്ത്രി നേതൃത്വം നൽകും

കേന്ദ്ര അവഗണനക്കെതിരെ കേരളത്തിന്റെ ഡൽഹി പ്രതിഷേധം ഇന്ന്; മുഖ്യമന്ത്രി നേതൃത്വം നൽകും

ന്യൂഡൽഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡൽഹി പ്രതിഷേധം ഇന്ന്. പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. ഇന്ത്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും.

മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, എൻഡിഎഫിൻ്റെ പാർലമെന്റ് അംഗങ്ങൾ എന്നിവർ ജന്തർമന്ദറിലേക്ക് മാർച്ച് ചെയ്യും. ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾ ജന്തർമന്ദറിൽ എത്തും. എൻസിപി അധ്യക്ഷൻ ശരത് പവാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡിഎംകെ നേതാക്കൾ അടക്കം പ്രതിഷേധത്തിന് പിന്തുണയുമായി എത്തും.

കേരളത്തിന് ഡിഎംകെ പിന്തുണ അറിയിച്ച് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. ബുധനാഴ്ച കർണാടക സർക്കാരും ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്തിരുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിൻ്റെ പ്രതിഷേധത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് അവസാനമായി ഡൽഹിൽ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് കേരളം ആരോപിക്കുന്നു.

കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ സമരം ആരെയും തോൽപ്പിക്കാനല്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. രാജ്യം കേരളത്തിനൊപ്പം അണിചേരുമെന്നാണ് വിശ്വാസം. രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം ഉള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള നിലപാടല്ല ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്നത്. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.