തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്ര സര്‍ക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. മാസപ്പടി കേസന്വേഷണത്തിന്റെ ഭാഗമായി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലും പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയിലും കഴിഞ്ഞ ദിവസങ്ങളില്‍ എസ്എഫ്‌ഐഒ പരിശോധന നടത്തിയിരുന്നു.
മാസപ്പടി കേസില്‍ സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് കെഎസ്‌ഐഡിസിയുടെ കോര്‍പറേറ്റ് ഓഫീസില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയത്.
സിഎംആര്‍എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സംഘം കെഎസ്‌ഐഡിസിയില്‍ എത്തിയത്. എക്‌സാലോജികില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടിയും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും.
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടന്‍ മറുപടി നല്‍കും.