കേരളത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടു: റിയാസ് അബൂബക്കറിന് പത്ത് വര്‍ഷം കഠിന തടവ്

 കേരളത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടു: റിയാസ് അബൂബക്കറിന് പത്ത് വര്‍ഷം കഠിന തടവ്

കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കറിന് പത്ത് വര്‍ഷം കഠിന തടവും 125000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലാണ് ശിക്ഷ. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് 2018 ലാണ് അറസ്റ്റിലാകുന്നത്. കേരളത്തില്‍ ഭീകര സംഘടനയായ ഐഎസിന്റെ ഘടകം ഉണ്ടാക്കാനും അതുവഴി കേരളത്തില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താനും ഇയാള്‍ പദ്ധതിയിട്ടെന്നാണ് കേസ്.

റിയാസിനെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. കാസര്‍കോട് ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ ഈ കേസ് കോടതിയില്‍ സമര്‍പ്പിച്ചത്.

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ലങ്കന്‍ സ്‌ഫോടനങ്ങളുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനും സ്‌ഫോടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താനും റിയാസ് ഗൂഢാലോചന നടത്തിയെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.