സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ്: പത്തനംതിട്ടയില്‍ ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി; ഉടമകള്‍ മുങ്ങിയെന്ന് പൊലീസ്

സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ്: പത്തനംതിട്ടയില്‍ ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി; ഉടമകള്‍ മുങ്ങിയെന്ന് പൊലീസ്

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. സ്ഥാപനം അടച്ച് നാല് ഉടമകളും മുങ്ങിയതായി പൊലീസ് വ്യക്തമാക്കി.

100 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സൂചന. ജി ആന്റ് ജിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നവരില്‍ ഏറെയും. കഴിഞ്ഞ ഒന്ന് മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാതെ വന്നത്.

500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ചിലര്‍ ഒരു കോടി രൂപ വരെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ളതുകൊ ണ്ടാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു.

ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് സ്ഥാപന ഉടമകള്‍. കുടുംബത്തിലെ പഴയ തലമുറയില്‍പ്പെട്ടവരാണ് തുടങ്ങിയത്. നിലവില്‍ ഫോണ്‍ ചെയ്താലും ആരും എടുക്കാറില്ലെന്നും നിക്ഷേപകര്‍ പറയുന്നു. അതേസമയം സ്ഥാപനത്തിനെതിരെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.