അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍; പി.എസ്.സി പരീക്ഷാ ആള്‍മാറാട്ട കേസില്‍ വഴിത്തിരിവ്

അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍; പി.എസ്.സി പരീക്ഷാ ആള്‍മാറാട്ട കേസില്‍ വഴിത്തിരിവ്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്. അമല്‍ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്ത് ആണെന്ന് പൊലീസിന് സംശയം. അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍ പോയതാണ് പൊലീസിന് സംശയം തോന്നാന്‍ കാരണം.

ഇളയ മകന്റെ ഒപ്പമാണ് അമല്‍ ജിത്ത് പരീക്ഷയ്ക്ക് പോയതെന്നാണ് ഇവരുടെ അമ്മ രേണുക പൊലീസിനോട് പറഞ്ഞത്. പക്ഷെ വയറിന് സുഖമില്ലാത്തതിനാല്‍ പരീക്ഷ എഴുതിയില്ലെന്നും പിന്നീട് ജോലിക്കെന്ന് പറഞ്ഞ് പോയ ഇരുവരും വീട്ടിലേക്ക് വന്നിട്ടില്ലെന്നും അമ്മ പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ച പൂജപ്പുര സ്‌കൂളിലെ പരീക്ഷാ സെന്ററില്‍ ബയോ മെട്രിക് പരിശോധനയ്ക്കിടെ ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടുകയായിരുന്നു. ഇതാണ് ആള്‍മാറാട്ടമാണെന്ന സംശയത്തിന് ഇടനല്‍കിയത്. നേമം സ്വദേശി അമല്‍ജിത്ത് ആയിരുന്നു പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥി.

എന്നാല്‍ അമല്‍ ജിത്തിന് പകരം മറ്റൊരാളാണ് പരീക്ഷാ ഹാളില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്ന് പൊലീസ് തിരിച്ചറഞ്ഞിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.